General News
കല (ആർട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. "നിറം 2016" എന്ന് പേരിട്ടിട്ടുള്ള ഈ പരിപാടി നവംബര്‍ 11 ന് വെള്ളിയാഴ്ച ഖൈത്താനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കും.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി കല (ആർട്ട്) കുവൈറ്റ് 2005 മുതല്‍ "നിറം" എന്ന നാമകരണത്തില് വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 12 ആം വാർഷികമാണ് ഈ വർഷം നടക്കുന്നത്. ഓരോ വർഷവും 2200 നും 2500 നും ഇടയില്‍ കുട്ടികള്‍ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ഥി - വിദ്യാര്‍ഥിനികളില്‍ നിന്നും വന്‍ പ്രതികരണമാണ് ലഭിച്ചത്.
കൂടാതെ, രക്ഷിതാക്കളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും നിറഞ്ഞ പ്രോത്സാഹനം ഉണ്ടായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 127 ആം ജന്മദിനത്തോടനുബന്ധിച്ചാണ് കല (ആർട്ട്) കുവൈറ്റ് കുട്ടികള്‍ക്കായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം നടത്തുക.
ഗ്രൂപ്പ് എ - എല്‍ കെ ജി മുതല്‍ ഒന്നാം ക്ലാസ് വരെ,
ഗ്രൂപ്പ് ബി - രണ്ടാം ക്ലാസ് മുതല്‍ നാല് വരെ.
ഗ്രൂപ്പ് സി - അഞ്ചാം ക്ലാസ് മുതല്‍ എട്ടു വരെ,
ഗ്രൂപ്പ് ഡി - ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ.
ആദ്യത്തെ രണ്ടു ഗ്രൂപ്പുകള്‍ക്ക് ക്രയോണ്‍സും ഗ്രൂപ്പ് സി, ഡി എന്നീ ഗ്രൂപ്പുകള്‍ക്ക് വാട്ടര്‍ കളറുകളും ഉപയോഗിക്കാം. ഇത് മത്സരാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്. ഡ്രോയിംഗ് ഷീറ്റ് സംഘാടകർ നല്‍കും.
ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ക്ലേ സ്കള്‍പ്ചര്‍ മത്സരവും, രക്ഷിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ ക്യാന്‍വാസ് പെയിന്റിംഗും ഒരുക്കുന്നതാണ്. ഓപ്പണ്‍ ക്യാന്‍വാസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും സമ്മാനം നേടാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.
കുവൈറ്റിലെ പ്രഗല്ഭ ആര്‍ട്ടിസ്റ്റുകള്‍ മത്സരം നിയന്ത്രിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സുനില്‍ കുമാര്‍ ജനറല്‍ കണ്‍വീനറും മുകേഷ് വി. പി. രജിസ്ട്രേഷന് കണ്‍വീനറും ആയുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്.
ww.kalakuwait.net എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. kalakuwait@gmail.com എന്ന ഇ- മെയില്‍ വഴിയും കൂടാതെ 97959072, 66015466, 97219833, 97219439, 67042514 എന്നീ നമ്പരുകള്‍ വഴിയും ബന്ധപ്പെടാവുന്നതാണ് എന്ന് "കല (ആർട്ട്) കുവൈറ്റ്" പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, ജനറല്‍സെക്രട്ടറി രാകേഷ് പി ഡി എന്നിവർ അറിയിച്ചു.
For online registration visit :- www.kalakuwait.net